തമിഴ്നാടില്‍ കനത്ത മഴ; കേന്ദ്രസര്‍ക്കാര്‍ 940 കോടി രൂപ അടിയന്തരസഹായം അനുവദിച്ചു

ചൊവ്വ, 24 നവം‌ബര്‍ 2015 (08:48 IST)
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളക്കെട്ടിലും അകപ്പെട്ട തമിഴ്നാടിന് 940 കോടി രൂപയുടെ അടിയന്തരസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അടിയന്തര ധനസഹായം അനുവദിക്കാൻ ഉത്തരവിട്ടത്. 
 
കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മഴ കാരണം കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. 
 
മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 8, 481 കോടിയുടെ നഷ്‌ടമെന്നും അടിയന്തിരമായി കേന്ദ്രഫണ്ടിൽ നിന്നും 2,000 കോടി രൂപയുടെ അടിയന്തര സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഡി എം കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ഒരു കോടി രൂപ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
 
നാശനഷ്ടത്തിനുള്ള നഷ്‌ടപരിഹാരം, താൽകാലിക, സ്ഥിര പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്കായി 8,481 കോടി രൂപ വേണ്ടി വരുമെന്നാണ് കേന്ദ്രത്തിന് അയച്ച കുറിപ്പിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.
 
കനത്ത മഴയെത്തുടര്‍ന്നാണ് നഗരത്തിലെങ്ങും ഗതാഗത തടസ്സമാണ്.

വെബ്ദുനിയ വായിക്കുക