വാടകവീട്ടിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: നേമത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. നേമം മാളികവീട് ലൈനിൽ പൂരം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം (70), മകൻ രാജേഷ് (48) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
എറണാകുളം പറവൂർ കോട്ടുമ്പള്ളി കൈതാരം സ്വദേശികളാണ് ഇവർ. നേമത്തെ രവീന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് നില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പു മുറിയിലെ ഫാനിലും സമീപത്തെ കമ്പിയിലുമായാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് നിഗമനം.
ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് അയൽവാസികൾ കെട്ടിടം ഉടമയെ വിവരം അറിയിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ നേമം പോലീസ് എത്തി. മരിച്ച രാജേഷ് മുമ്പ് റെയിൽവേയിലെ പാഴ്‌സൽ വിഭാഗം ജോലിക്കാരനായിരുന്നു.