വയോധികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പെട്രോൾ പമ്പ് ഉടമ അറസ്റ്റിൽ
കൊല്ലം: പെട്രോൾ പമ്പ് വ്യാപാരത്തിന്റെ നടത്തിപ്പിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെട്രോൾ പമ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രണ്ടാംകുറ്റി ചന്തയ്ക്കടുത്ത് താമസം സതീശൻ പിള്ള എന്ന 63 കാരൻ ആത്മഹത്യ ചെയ്ത കേസിലാണ് പോരുവഴി കംപാലാട്ടി ചിറയിൽ കവലയ്ക്കടുത്ത് ചിറയിൽ വടക്കതിൽ വീട്ടിൽ നവാസ് (43) അറസ്റ്റിലായത്.
ഭരണിക്കാവ് സിനിമാപറമ്പിൽ നവാസ് നടത്തുന്ന പെട്രോൾ പമ്പിൽ പങ്കാളിയാക്കാമെന്നു പറഞ്ഞായിരുന്നു സതീശൻ പിള്ളയിൽ നിന്ന് പതിനഞ്ചര ലക്ഷം രൂപ വാങ്ങിയത്. ബാങ്കിൽ നിന്ന് വായ്പ എടുത്തതായിരുന്നു ഈ പണം സതീശൻപിള്ള നൽകിയത്. എന്നാൽ ഇതിനിടെ നവാസ് പമ്പ് മറ്റൊരാൾക്ക് നൽകി. നവാസിനെ സമീപിച്ചപ്പോൾ സതീശനെ ഭീഷണിപ്പെടുത്തി അയച്ചു.
തുടർന്ന് സതീശൻ പിള്ള ആത്മഹത്യ ചെയ്തു. പരാതിയെ തുടർന്ന് കിളികൊല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ടു ഇയാൾ ഓടിരക്ഷപ്പെടാൻശ്രമിച്ചു. ഇയാളുടെ ബന്ധുക്കൾ പോലീസിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു. വിവരം അറിഞ്ഞു ശൂരനാട് നിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.