കൽപ്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. ഉരുൾപൊട്ടലിനെ തുടർന്ന് കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.
ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.