ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി ഗതാഗതവകുപ്പ് മന്ത്രി

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (08:06 IST)
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇത് ശരിയായ രീതിയല്ലെന്നും ജനത്തെ ബുദ്ധിമുട്ടിച്ചും ദ്രോഹിച്ചുമല്ല നിയമം നടപ്പാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതനിയമ ലംഘനത്തിനുള്ള ശിക്ഷയെന്ന നിലയിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
ഗതാഗത നിയമലംഘകരെ കണ്ടെത്തി കൌണ്‍സിലിങ്ങിന് വിധേയമാക്കും. പ്രധാന നഗരങ്ങളിലെ കാമറകള്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് സഹായിക്കും. കൌണ്‍സിലിങ്ങിനു ശേഷവും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ 19ന് സുരക്ഷാദിനമായി ആചരിക്കും. ഇതില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിപാടികളും ബോധവത്കരണങ്ങളും ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക