വോട്ട് ചെയ്യാന്‍ അറിയാത്ത യുഡിഎഫ് എംഎല്‍എ ആര് ?, ആരാണ് സഭയിലെ ആ കൊച്ചുകുട്ടി ? - അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ എത്തുന്നു
വെള്ളി, 3 ജൂണ്‍ 2016 (14:30 IST)
യുഡിഎഫിന് ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ വോട്ട് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത വ്യാഴാഴ്‌ച പറഞ്ഞത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. ഇതോടെ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും തുടര്‍ന്ന് സിപിഎം ബിജെപി ബന്ധം ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയെ ആക്രമിച്ച് കൈയടി നേടാമെന്ന ചിന്തയുമായിരുന്നു ചെന്നിത്തലയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ വോട്ട് ചെയ്യാന്‍ പോലും അറിയത്തില്ലാത്ത സ്വന്തം പാളയത്തിലെ എംഎല്‍എ എല്ലാ പദ്ധതികളും നശിപ്പിക്കയായിരുന്നു. ഒരു വോട്ട് പോലും നേരെചൊവ്വേ ചെയ്യാന്‍ അറിയാത്ത ഏതോ ഒരു മിടുക്കന്‍ പ്രതിപക്ഷ നേതാവിന്റെ സ്വപ്‌നങ്ങള്‍ നിയമസഭയില്‍ തന്നെ കുഴിച്ചു മൂടുകയായിരുന്നു.
രാഗ ഗോപാല്‍ വോട്ട് സജീന്ദ്രന് നല്‍കുന്നതോടെ സിപിഎം ബിജെപി ബന്ധം ഉയര്‍ത്തിക്കാട്ടി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ആയതിന്റെ കരുത്ത് തെളിയിക്കാം എന്നായിരുന്നു രമേശ് ചെന്നിത്തല വിചാരിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബിജെപിയോട് മൃദു സമീപനമാണെന്ന കുറ്റപ്പെടുത്തല്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉള്ളതിനാല്‍ പുത്തന്‍ ഇമെജ് ഉണ്ടാക്കാമെന്ന ചെന്നിത്തലയുടെ പ്രതീക്ഷയാണ് തകിടം മറിഞ്ഞിരിക്കുന്നത്.
എൽഡിഎഫ്– 91, യുഡിഎഫ് – 47, ബിജെപി – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് സഭയിലെ യഥാർഥ അംഗബലം. എന്നാല്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയും കുന്നത്തുനാട് എംഎൽഎയുമായ വിപി സജീന്ദ്രന് ലഭിച്ചത് 46 വോട്ടു മാത്രമാണ്. പി ശ്രീരാമകൃഷ്ണന് അധികമായി ഒരു വോട്ട് (92) നേടിയതോടെയാണ് വോട്ടു മറിഞ്ഞതായി പ്രതിപക്ഷത്തിന് വ്യക്തമായത്. ബിജെപി പ്രതിനിധി ഒ രാജഗോപാലും എൽഡിഎഫിന് തന്നെയാണ് വോട്ടു ചെയ്തതെന്ന് സ്ഥിരീകരിക്കുകയും താൻ ആർക്കും വോട്ടു ചെയ്തില്ലെന്ന് സ്വതന്ത്ര എംഎൽഎ പി.സി.ജോർജും വ്യക്തമായതോടെ വോട്ട് ചെയ്യാന്‍ അറിയാത്ത ഒരു എം എല്‍ എ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് രമെശ് ചെന്നിത്തലയ്‌ക്ക് വ്യക്തമാകുകയായിരുന്നു.
അതീവ രഹസ്യ സ്വഭാവത്തോടെയാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നതെന്ന് ഇലക്ഷന്‍ ഏജന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ വിപ്പ് നല്‍കിയതിനൊപ്പം ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്നും ബാലറ്റ് പേപ്പറില്‍ ആദ്യത്തെ പേര് സജീന്ദ്രന്റെയാണെന്നും യുവ എംഎല്‍എമാരോട് വ്യക്തമാക്കിയിരുന്നതായി രമേശ് ചെന്നിത്തയും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അതീവ രഹസ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് മാത്രം അറിയാന്‍ സാധിക്കില്ല. എന്നാലും കോണ്‍ഗ്രസിലെ പതിവ് നടപടിയായ അന്വേഷണ സംഘത്തെ ഇത്തവണയും നിയോഗിച്ചിട്ടുണ്ട്. പാളയത്തില്‍ സംഭവിച്ച പാളിച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, നാളെ ചേരുന്ന കെ പി സി സി യോഗത്തില്‍ വോട്ട് മാറി പോയ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം എല്‍ എ തന്നെയാണ് വോട്ട് മറിച്ചതെന്നാണ് മിക്ക നേതാക്കളും വിശ്വസിക്കുന്നത്. ഘടക കഷികളാണ് വോട്ട് മറിച്ചതെന്ന് തുറന്നു പറയാന്‍ കോണ്‍ഗ്രസിന് ഭയമുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ഉന്നത നേതാക്കള്‍ വിശ്വസിക്കുന്നത്.
എല്‍ഡിഎഫിന് വോട്ട് മറിഞ്ഞതില്‍ കേരളാ കോണ്‍ഗ്രസും (എം) മുസ്ലിം ലീഗും അതൃപ്‌തി പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സജീന്ദ്രന്റെ പേരില്‍ ഉണ്ടായ ചില വിവാദങ്ങളാണ് അദ്ദേഹത്തിന് പാളയത്തില്‍ ശത്രുവുണ്ടാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു ഡി എഫിന്റെ വോട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല പറയുമ്പോഴും ഇതിലുള്ള അന്വേഷണം ഉത്തരം കിട്ടാത്ത ചോദ്യമായി തീരുമെന്നാണ് അറിയുന്നത്. അതീവ രഹസ്യമായിട്ടാണ് എം എല്‍ എമാര്‍ വോട്ട് ചെയ്യുന്നത്. അതിനാല്‍ തന്നെ വിപ്പുണ്ടെങ്കിലും വോട്ട് ആര്‍ക്കാണ് ചെയ്‌തതെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല.