സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും കോടതി കയറും

ബുധന്‍, 8 ജൂണ്‍ 2016 (12:22 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ എഫ് ഐ ആർ. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ കെ പി സി സി നിർമിച്ച സ്മാരകമാണ് സോണിയയെ കോടതി കയറ്റാൻ കാരണമായിരിക്കുന്നത്. സ്മാരകം നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ കരാറുകാരായ ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ കമ്പനിയാണ് സോണിയയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 
രാജീവ് ഗാന്ധി ഇൻസ്റ്റി‌റ്റ്യൂട്ടിന്റെ ചെയർമാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുൻ‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ, രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്‌ടര്‍ ഹിദുര്‍ മുഹമ്മദ്‌ എന്നിവരാണു മറ്റു പ്രതികള്‍. ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ മാനേജിങ്‌ പാര്‍ട്‌ണര്‍ രാജീവാണ്‌ നേതാക്കൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
2013 സെപ്‌റ്റംബർ 29ന് പ്രധാനകെട്ടിടത്തിന്റെ പണി തീര്‍ത്ത്‌ സോണിയാ ഗാന്ധിയെക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിച്ചു. അതുമുതലുള്ള ബില്‍ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്‌. ബില്ലുകള്‍ പരിശോധിച്ച്‌ ഒരുമാസത്തിനകം പണം കൊടുക്കുന്ന രീതിയാണു കെ പി സി സി കൈക്കൊണ്ടിരുന്നത്‌. ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും കരാർ ഒപ്പിട്ടിരുന്നു. 
 
എന്നാൽ പണം ഇപ്പോൾ ഇല്ലെന്നും ഇൻസ്റ്റി‌റ്റ്യൂട്ടിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നുമാണ് കെ പി സി സി പറയുന്നതെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. കരാറുകാരൻ ഇതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ സമീപിക്കുകയും കാര്യം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് കുടിശിക കൊടുത്തുതീര്‍ക്കാന്‍ സോണിയ കെ പി സി സിക്കു നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതുവരെ അത്തരത്തിൽ ഒരു പണവും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക