വെള്ളാപ്പള്ളി പതിനൊന്നായിരം കോടിയുടെ അഴിമതി നടത്തി: വിഎസ്

ബുധന്‍, 25 നവം‌ബര്‍ 2015 (13:23 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ വീണ്ടും രംഗത്ത്. എസ്എൻഡിപിയുടെ മറവില്‍ നിയമനങ്ങളിലൂടെ വെള്ളാപ്പള്ളി പതിനൊന്നായിരം കോടി രൂപയുടെ അഴിമതി നടത്തി. മൈക്രോഫിനാൻസ് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട്  കോടതിയെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു.

അമ്പത് ലക്ഷത്തോളം സ്‌ത്രീകളെയാണ് വെള്ളാപ്പള്ളി നടേശൻ മൈക്രോഫിനാൻസ് വഴി തട്ടിപ്പിനിരയാക്കിയത്. എസ്.എൻ ട്രസ്റ്റിലെ കോളേജുകളിലെ അദ്ധ്യാപക- അനദ്ധ്യാപക നിയമനത്തിലൂടെയാണ് അദ്ദേഹം പതിനൊന്നായിരം കോടി രൂപയുടെ അഴിമതി നടത്തിയത്. കോളേജുകളിലെ നിയമനങ്ങള്‍ക്കായി വന്‍ തുകയാണ് വെള്ളാപ്പള്ളി കോഴ വാങ്ങിയത്. അനദ്ധ്യാപക നിയമനത്തിനായി 904 കോടിയും അധ്യാപക നിയമനത്തിന് 600 കോടി രൂപയുടെയും തട്ടിപ്പ് വെള്ളാപ്പള്ളി നടത്തിയെന്നും വി.എസ് ആരോപിച്ചു.

അഞ്ചു ശതമാനം പലിശ മാത്രമെ ഈടാക്കാവു എന്ന നിബന്ധനയുള്ള മൈക്രോഫിനാൻസില്‍ 18 ശതമാനം പലിശയാണ് വെള്ളാപ്പള്ളി ഈടാക്കിയിരുന്നത്. ഇതുവഴി 5000 കോടി രൂപയുടെ അഴിമതിയാണ് വെള്ളാപ്പള്ളി നടത്തിയത്. മൈക്രോഫിനാനസിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കോടികൾ വായ്പ എടുത്തു തട്ടിപ്പ് നടത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക