ശാശ്വതീകാനന്ദയുടെ മരണം: ഏതന്വേഷണവും നേരിടാന്‍ തയാര്‍- വെള്ളാപ്പള്ളി
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (14:19 IST)
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പല ഭാഗങ്ങളിൽ നിന്നുമുണ്ടാവുന്ന എല്ലാ വെളിപ്പെടുത്തലുകളും ഒരുമിച്ച് ചേർത്ത് സിബിഐയോ അതിനും മുകളിൽ ഏതെങ്കിലുമുണ്ടെങ്കിൽ അവരെക്കൊണ്ടോ അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കുന്നതിനൊപ്പം ടിപി വധക്കേസും സിബിഐ അന്വേഷിക്കണം. ശ്രീനാരായണ ഗുരുദേവനെ ആരും കാവിയും പട്ടും പുതപ്പിക്കേണ്ടെ ആവശ്യമില്ല. ആ ജോലി തങ്ങള്‍ തന്നെ ചെയ്‌തോളം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുവാനുള്ള തീരുമാനത്തിന് മാറ്റവുമില്ല. മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല. സംഘടന ഒരു ചുമതല ഏല്‍പ്പിച്ചാല്‍ എന്തുവിലകൊടുത്തും നടപ്പിലാക്കും. ഏതുതടസങ്ങളും തരണം ചെയ്യും. ഭയം അസാധ്യം എന്നിവ തന്റെ നിഘണ്ടുവിലില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, എസ്എന്‍ഡിപി യോഗം രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്നുള്ള പുതിയ പാര്‍ട്ടിക്കു പിന്നിലെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ ബന്ധത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും വി എസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഉമ്മന്‍ചാണ്ടിക്കും എസ്എന്‍ഡിപി- ബിജെപി ബന്ധത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമം മതേതര സഖ്യത്തിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നതു മുഖ്യമന്ത്രിയുടെ വക്രബുദ്ധിയാണ്. യുഡിഎഫിലല്ല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി തടഞ്ഞതെന്നും വിഎസ് പറഞ്ഞു. വടകര മോഡല്‍ സഖ്യവും എംജി കോളേജ് അക്രമകേസ് പിന്‍വലിച്ചതുമെല്ലാം ജനത്തിന് ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.