വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കൈരളി ചാനലിനെതിരെ ശശിതരൂരിന്റെ വക്കീല്‍ നോട്ടീസ്

ശ്രീനു എസ്

വെള്ളി, 10 ജൂലൈ 2020 (10:55 IST)
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് കൈരളി ചാനലിനെതിരെ ശശി തരൂര്‍ എംപി നിയമ നടപടിക്ക് ഒരുങ്ങുന്നു. വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചു കേസുമായി മുന്‍പോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
 
ആറുപേജുള്ള വക്കീല്‍ നോട്ടീസാണ് അയച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലെ കുറ്റാരോപിതയും എനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അസത്യമായ അപവാദപ്രചരണം നടത്തിയതിന്, എന്റെ അഡ്വക്കേറ്റ് സി പി എമ്മിന്റെ ടി വി ചാനലായ 'കൈരളി'ക്ക് ആറു പേജുള്ള വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തിപരമായ തേജോവധത്തിന് ഞാന്‍ വളരെയധികം ഇരയായിട്ടുണ്ട്; അത് കൊണ്ട് തന്നെ ഇതെല്ലാം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്- ശശിതരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
വിദേശകാര്യ മന്ത്രി ആയിരുന്നപ്പോള്‍ ഈ കേസില്‍ ആരോപണവിധേയായ വ്യക്തിക്കു വേണ്ടി ശുപാര്‍ശ ചെയ്തു എന്ന നിലയിലുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍