റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാന്‍ പെണ്‍സുഹൃത്തിന്റെ വീടിനുള്ളിലേക്ക് കയറി പോയി, പുറത്തേക്ക് വന്നത് ഛര്‍ദിച്ചുകൊണ്ട്; ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

ശനി, 29 ഒക്‌ടോബര്‍ 2022 (12:22 IST)
പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നു റെജിന്‍ പറയുന്നു. 
 
പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണ്‍ രാജിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഷാരോണിനെ വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. 
 
മറ്റൊരാളുമായി ഉറപ്പിച്ച വിവാഹം നടക്കാന്‍ ഷാരോണിനെ വിഷം കൊടുത്തു കൊന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. മുന്‍പും ഇതേ ജ്യൂസ് പെണ്‍കുട്ടി നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛന്‍ ആരോപിക്കുന്നു. ഇത്തവണ വിഷത്തിന്റെ അളവ് കൂടിയതാകും മരണത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. താന്‍ ഷാരോണിന് വിഷം നല്‍കിയിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍