ആളുകള്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: ഷാഫി പറമ്പില്‍

തിങ്കള്‍, 9 ജനുവരി 2017 (15:42 IST)
ബിജെപിക്ക് സ്ത്രീധനമായി കിട്ടിയതല്ല ഇന്ത്യയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍. സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഷാഫി രംഗത്തെത്തിയത്. 
 
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് എന്ത് പറയണം, ഏത് ഭക്ഷണം കഴിക്കണം, എന്ത് ചിന്തിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നിവ തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അക്കര്യങ്ങള്‍ തീരുമാനിക്കേണ്ടത് ബിജെപിയല്ലെന്നും ഷാഫി പറഞ്ഞു.   
 
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ വിമര്‍ശിക്കുക എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ നയം. ഇന്ത്യ പാകിസ്ഥാനല്ല, ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റാന്‍ ശ്രമിക്കരുത്. ഇന്ത്യയുടെ മൊത്തവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഫി കൂട്ടിച്ചേര്‍ത്തു.
 
കമലിന് തീവ്രവാദബന്ധമുണ്ട്. അദേഹം രാജ്യംവിടണമെന്നുമായിരുന്നു രാധാകൃഷ്ണന്റെ പ്രസ്ഥാവന. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്.  
 

വെബ്ദുനിയ വായിക്കുക