ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

വെള്ളി, 22 ജൂലൈ 2016 (16:20 IST)
ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലെയും വഞ്ചിയൂര്‍ കോടതിയിലെയും മീഡിയ റൂമുകള്‍ ഉടന്‍ തുറക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ആക്‌ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശം നല്കി.
 
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയ റൂം തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 
പരാതി നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മീഡിയ റൂം തുറന്നിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയത്.
 
കേരളത്തിലെ സംഭവങ്ങള്‍ ആശാവഹമല്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആക്‌ടിംഗ് ചീഫ് ജസ്റ്റിസിനെയും സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സംയമനം പാലിക്കണമെന്നും ഇരുകൂട്ടരും സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക