Fact Check: നൃത്ത കലാകാരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നര്‍ത്തകി സത്യഭാമയുടെ രാഷ്ട്രീയം തിരഞ്ഞ് സോഷ്യല്‍ മീഡിയ. സത്യഭാമ സിപിഎം സഹയാത്രികയാണെന്ന് നേരത്തെ ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ അടക്കം സത്യഭാമ ഇടതുപക്ഷ സഹയാത്രികയാണെന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. എന്താണ് യാഥാര്‍ഥ്യം?
നര്‍ത്തകി സത്യഭാമ ഇടതുപക്ഷ സഹയാത്രികയല്ല. മറിച്ച് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിട്ടുള്ള കലാകാരിയാണ്. 2019 ലാണ് സത്യഭാമ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന്റെ തെളിവുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നിന്റെ ഭാഗമായി 2019 ജൂലൈ ആറിനാണ് സത്യഭാമ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
2019 ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ്.ശ്രീധരന്‍പിള്ളയാണ് മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, എ.പി.അബ്ദുള്ളക്കുട്ടി, ചലച്ചിത്ര നടന്‍ എം.ആര്‍.ഗോപകുമാര്‍, സംവിധായകന്‍ തുളസീദാസ്, കലാമണ്ഡലം സത്യഭാമ എന്നിവരാണ് അന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തിനു പിന്നാലെ സത്യഭാമയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്ന പഴയ ചിത്രം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.