റബ്ബറിന്റെ കാര്യത്തില്‍ തീരുമാനമായി, കര്‍ഷകര്‍ക്ക് ആശ്വാസം
വെള്ളി, 19 ഡിസംബര്‍ 2014 (08:02 IST)
രൂക്ഷമായ വിലയിടിവ് നേരിടുന്നതിനിടെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ , ടയര്‍ കമ്പനി ധാരണ. ധാരണപ്രകാരം കമ്പനികള്‍ രാജ്യാന്തര റബര്‍ വിലയേക്കാള്‍ 25% അധികം നല്‍കി കര്‍ഷകരില്‍ നിന്ന് കമ്പനികള്‍ റബ്ബര്‍ നേരിട്ട് സംഭരിക്കും. അതതു ദിവസത്തെ രാജ്യാന്തര വില കണക്കാക്കി, 20% ഇറക്കുമതി ചുങ്കവും അഞ്ചു ശതമാനം വാങ്ങല്‍ നികുതിയും അധികമായി നല്‍കിയാണു റബര്‍ സംഭരിക്കുക.
ഇതോടെ നിലവില്‍ 104 രൂപ രാജ്യാന്തര വിപണിയില്‍ വിലയുള്ള ആര്‍എസ്എസ്-4 പ്രകൃതിദത്ത റബ്ബറിന് കര്‍ഷകര്‍ക്ക് 130.20 രൂപയോളം ലഭിക്കും. റബര്‍ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ടയര്‍ കമ്പനി മേധാവികളുടെ ചര്‍ച്ചയിലാണ് ഈ ധാരണ ഉണ്ടായിരിക്കുന്നത്.
വിദേശത്തു നിന്നു റബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കമ്പനികള്‍ 20% ചുങ്കം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് അഞ്ചു ശതമാനം വാങ്ങല്‍ നികുതിയും നല്‍കണം. ഇതു രണ്ടും കര്‍ഷകര്‍ക്കു ലഭ്യമാക്കാനാണു ചര്‍ച്ചയില്‍ ധാരണയായത്. വാങ്ങല്‍ നികുതിയില്‍ രണ്ടര ശതമാനം കമ്പനികള്‍ക്കു തിരികെ നല്‍കും. ശേഷിക്കുന്ന രണ്ടര ശതമാനം വാറ്റിന്റെ റീഫണ്ട് ക്ളെയിമായി കണക്കാക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട 45 കോടി രൂപയുടെ വരുമാനമാണ് ഉപേക്ഷിക്കുന്നതെന്നു മന്ത്രി കെ.എം. മാണി പറഞ്ഞു.
ധാരണപ്രകാരം ഇത്തരത്തില്‍ റബ്ബര്‍ സംഭരണത്തിന് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. റബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും സംഭരണവും വിപണനവും. ഇന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെ ഈ വ്യവസ്ഥയില്‍ ഏജന്റുമാരും നിര്‍മാണ യൂണിറ്റുകളും ഡീലര്‍മാരില്‍ നിന്നു റബര്‍ വാങ്ങുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
2009ല്‍ ടയര്‍ കമ്പനികള്‍ക്കു പ്രതിസന്ധി നേരിട്ടപ്പോള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഇറക്കുമതി തീരുവ കുറച്ച കാര്യം കെ.എം. മാണി ഓര്‍മിപ്പിച്ചു. സമാന രീതിയില്‍ ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാന്‍ വ്യവസായികള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായവും കൃഷിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കണ്ടു നിലപാടുകള്‍ സ്വീകരിക്കണമെന്ന മാണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണു വ്യവസായികള്‍ കര്‍ഷക അനുകൂല നിലപാടു സ്വീകരിച്ചത്.