വാഹന പരിശോധന : പിഴ ഇനത്തിൽ 2.83 ലക്ഷം രൂപ ലഭിച്ചു
ചേർത്തല: റോഡ് സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ടു മോട്ടോർ വാഹന വകുപ്പ് നടത്തിയ ജില്ലാതല വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം ഉച്ചവരെ 172 കേസുകളിലായി 2.83 ലക്ഷം രൂപ പിഴ ഈടാക്കി. ജനുവരി പതിനൊന്നു മുതൽ പതിനേഴുവരെയാണ് റോഡ് സുരക്ഷാ വാരാചരണം.
അരൂർ മുതൽ ചേർത്തല - ഒറ്റപ്പുന്ന ദേശീയ പാതയിലായിരുന്നു വാഹന പരിശോധന. ലൈൻ ട്രാഫിക് നോഡൽ ഓഫീസറായ ചേർത്തല ജോയിൻ ആർ.ടി.ഒ ജെബി ഐ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ മാരും കായങ്കുളം ജോയിന്റ് ആർ.ടി.ഒ, കുട്ടനാട് ജോയിന്റ് ആർ.ടി.ഒ, ചെങ്ങന്നൂർ ആർ.ടി.ഒ എന്നിവരും രണ്ട് ഷിഫ്റ്റുകളിലായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാവും എന്നാണു സൂചന.