സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ നാക മാസമായി കര്‍ഷകരില്‍ നിന്ന് സപ്ലൈകൊ സംഭരിച്ച നെല്ലിനുള്ള പ്രതിഫലം ഇതുവരെയായിട്ടും നല്‍കിയിട്ടില്ല. നെല്ല് സംഭരിച്ച ഇനത്തില്‍ മുപ്പത്തിയാറ് കോടിയോളം രൂപയാണ് സംസ്ഥാനത്ത് ഓട്ടാകെ സപ്ലൈകോ നല്‍കാനുള്ളത്. ഇതോടെയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചാല്‍ ഒരാഴ്ചക്കകം ബാങ്കുകള്‍ വഴി പണം കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നാലുമാസമായിട്ടും സംസ്ഥാനത്തെ ഒരു കര്‍ഷകനും പണം ലഭിച്ചിട്ടില്ല. നെല്ല് സംഭരിച്ച ഇനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 22 കോടിയിലധികം രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കോട്ടയത് 13 കോടിയും പാലക്കാട് നാല് കോടിയോളം രൂപയും നല്‍കാനുണ്ട്.
സെപ്റ്റംബര്‍ ആദ്യ ആഴ്ച്ച മുതല്‍ സംഭരിച്ച നെല്ലിന്റെ തുകയാണ് ഇതുവരെ നല്‍കാത്തത്. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള നെല്ല് കര്‍ഷകര്‍ നാളെ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.