പാഠപുസ്തക അച്ചടി: ചീഫ് സെക്രട്ടറി അന്വേഷിക്കും- ചെന്നിത്തല
വെള്ളി, 10 ജൂലൈ 2015 (12:13 IST)
പാഠപുസ്തക അച്ചടി വൈകാനുണ്ടായ സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാഠപുസ്തക വിവാദം സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ വികാരത്തോട് പൂർണമായി യോജിക്കുന്നു. വരും വർഷങ്ങളിൽ പാഠപുസ്തക അച്ചടി വൈകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക അച്ചടി വൈകാനുണ്ടായ സാഹചര്യം എന്താണെന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഭാവിയിൽ അച്ചടി വൈകാതിരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. അച്ചടി വൈകിയതിന്വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന ആക്ഷേപവും അന്വേഷിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പാഠപുസ്തക അച്ചടി വൈകാനുണ്ടായ സംഭവത്തില്‍ പ്രതിഷേധം നടത്തിവന്നിരുന്ന വിദ്യാർഥി സംഘടനകളുടെ യോഗത്തിനു ശേഷമാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
അതേസമയം, പാഠപുസ്തക അച്ചടി വൈകിയ സംഭവത്തില്‍ ധന, അച്ചടി വകുപ്പുകള്‍ക്ക് എതിരെ വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദുറബ്ബ് രംഗത്തെത്തി. ധനവകുപ്പിന്‍റെയും അച്ചടി വകുപ്പിന്‍റെയും നടപടികള്‍ വൈകി. സ്കൂളുകളില്‍ പുസ്തകവിതരണം താറുമാറാകാന്‍ രണ്ടു വകുപ്പുകളുടെയും നടപടികള്‍ കാരണമായെന്നും അബ്‌ദുറബ്ബ് പറഞ്ഞു.
പുസ്തക വിതരണത്തിന്‍റെ എ ടു സെഡ് കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പല്ല ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് സെപ്തംബറില്‍ തന്നെ കെബിപിഎസിന് താല്‍ക്കാലിക ടെന്‍റര്‍ നല്‍കിയിട്ടുണ്ടെന്നും അപ്പോള്‍ തന്നെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.