ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍: പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

ഞായര്‍, 2 ഓഗസ്റ്റ് 2015 (10:40 IST)
അഴിമതിക്കേസില്‍ പൊതുമരാമത്ത് , ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടുന്നു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

എന്‍ജിനിയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. കൂടാതെ വിജിലന്‍സും പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെയുളള നടപടിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് എന്‍ജിനിയര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അച്ചടക്ക നടപടിക്കെതിരായ നടപടി പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരാതി വിജിലന്‍സും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തങ്ങളുടെ വകുപ്പുകളില്‍ ആഭ്യന്തരവകുപ്പ് കൈകടത്തിയെന്ന് മന്ത്രിമാരായ വികെ ഇബ്രാഹിം കുഞ്ഞും പിജെ ജോസഫും മുഖ്യമന്ത്രിയോട് പരാതിപ്പെടുകയായിരുന്നു. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ തങ്ങളും അറിഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നടപടി ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്ന നിലപാടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുമായി എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷന്‍ വിഷയം സംസാരിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക