മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപി കേന്ദ്ര നേതൃത്വം: ചെന്നിത്തല
ഞായര്‍, 13 ഡിസംബര്‍ 2015 (13:48 IST)
ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബിജെപിയുടെ നടപടി കേരളത്തേയും മുഖ്യമന്ത്രിയേയും അപമാനിക്കുന്നതാണ്. വികസന കാര്യങ്ങളിലും ഇതേ നടപടി തുടരാനാണ് ബിജെപി തീരുമാനമെങ്കില്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആർ ശങ്കർ കെപിസിസി പ്രസിഡന്റും കോൺഗ്രസിന്റെ മുഖ്യമന്ത്രിയും ആയിരുന്ന ആളാണ്. അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. എസ്എൻഡിപിയുടെ ഈ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി അപമാനിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശൻ പരസ്യമായി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ആവശ്യപ്പെട്ടു. ശങ്കറിനെ വർഗീയവത്കരിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.