പിഎസ്‌സി വിവരാവകാശത്തിന്‍റെ പരിധിയിലെന്ന് സുപ്രീംകോടതി; ജോലിഭാരം കൂടുമെന്ന പിഎസ്‌സിയുടെ വാദം തള്ളി

വ്യാഴം, 4 ഫെബ്രുവരി 2016 (11:26 IST)
കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) വിവരാവകാശ നിയമത്തിന്‍റെ പരിധിയിലെന്ന് സുപ്രീംകോടതി. പിഎസ്എസിയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിവരാവകാശ നിയമത്തിന്‍റെ പരിധിയിലല്ലെന്ന പിഎസ്സിയുടെ വാദം തള്ളിയ സുപ്രീംകോടതി ഉത്തരക്കടലാസ് പരിശോധകരുടെ പേര് മാത്രം പുറത്തുവിടരുതെന്ന് നിർദ്ദേശിച്ചു. ബാക്കി എല്ലാ വിവരങ്ങളും പുറത്തുവിടണം. പിഎസ്സി പരീക്ഷയുടെ ഉത്തരകടലാസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുന്നവർക്ക് കൈമാറണം. അല്ലെങ്കിൽ സംശയത്തിന് വഴിവെക്കും. ഇത് പിഎസ്സിയുടെ സുതാര്യതക്ക് ആവശ്യമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജോലിഭാരം കൂടുമെന്ന പി.എസ്.സിയുടെ വാദം കോടതി അംഗീകരിച്ചില്ല.

2011ലെ ഹൈക്കോടതി വിധി ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി സംശയത്തിനതീതമായി നിലകൊള്ളണമെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ സുതാര്യതയും പിഎസ്‌സിയുടെ വിശ്വാസ്യതയും കൂടുമെന്നുമായിരുന്നു ഹൈക്കോടതി വിധി. നടപടിക്രമം പാലിച്ച് മൂന്നാമതൊരു കക്ഷിയുടെ വിവരം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക