അലഹബാദ് നഗരത്തില്‍ രണ്ടു പെണ്ണുങ്ങള്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു; അഖിലേഷിന്റെ വിജയത്തിനു വേണ്ടി

ശനി, 14 ജനുവരി 2017 (16:50 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ പോരാട്ടം കടുക്കുകയാണ്. പോരാട്ടം കടുത്തതോടെ സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വേണ്ടി രണ്ടു സ്ത്രീരത്നങ്ങള്‍ ഒരുമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെയും ഡിംപിളിന്റെയും ചിത്രങ്ങള്‍ ഒരേ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
 
അലഹബാദിലെ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് ഇരുവരും ഒരുമിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇത്തരത്തില്‍ പോസ്റ്റര്‍ വന്നത് രാഷ്‌ട്രീയനിരീക്ഷകരിലും കൌതുകമുണ്ടാക്കി. 
 
അതേസമയം, ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കുന്നതിനെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേഖ് സിംഗ്‌വി പറഞ്ഞു. എന്നാല്‍, സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പ്രിയങ്കയും ഡിംപിളും ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
38കാരിയായ ലോക്സഭ എം പി ഡിംപിള്‍ ഡല്‍ഹിയിലെത്തിയാണ് പ്രിയങ്കയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ അലഹബാദില്‍ പ്രത്യക്ഷപ്പെട്ടത്.
ഭിന്നത മൂലം സമാജ്‌വാദി പാര്‍ട്ടി ആടിയുലയുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈ പിടിച്ച് ഗുജറാത്തില്‍ വിജയം ഉറപ്പിക്കാന്‍ അഖിലേഷ് യാദവ് വിഭാഗം ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക