മൂന്നു പോക്സോ കേസുകൾ : മൂന്നിലും പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

എ കെ ജെ അയ്യര്‍

ബുധന്‍, 27 മാര്‍ച്ച് 2024 (18:10 IST)
കോഴിക്കോട് : ജില്ലയിലെ മൂന്നു പോക്സോ കേസുകളിലെ പ്രതികളെ കോടതി കഠിന തടവിനും പിഴ ഒടുക്കാനും ശിക്ഷ വിധിച്ചു. മൂന്നു കേസുകളും പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 62, 46, 53 എന്നീ വയസുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.

ഇതിൽ ആദ്യത്തെ കേസ് ഇപ്രകാരം : 2023 ഫെബ്രുവരി പത്തൊമ്പതിനു പയന്തോങ്ങിലെ വീട്ടിൽ വച്ച് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് വർക്ക് ഷോപ്പ് ഉടമയും വ്യാപാരിയുമായ കല്ലാച്ചി പയന്തോങ് അമ്മുക്കുട്ടി ഹൗസിൽ രാജീവൻ എന്ന 62 കാരനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 29 വർഷത്തെ കഠിന തടവും ഒന്നേകാൽ ലക്ഷം രൂപാ പിഴയുമാണ് വിധിച്ചത്.

രണ്ടാമത്തെ കേസിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ വച്ച് കടന്നു പിടിക്കുകയും ബലമായി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതിനു വലയം കല്ലുനിരയിലെ കുന്നുപറമ്പത്ത് മനോജ് എന്ന 46 കാരനെ 12 വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. സ്‌കൂൾ അധ്യാപികയാണ് പെൺകുട്ടിയിൽ നിന്ന് പീഡന വിവരം അറിഞ്ഞതും പിന്നീട് വലയം പോലീസിനെ അറിയിക്കുകയും ചെയ്തത്.

മൂന്നാമത്തെ കേസിനാസ്പദമായ സംഭവം നടന്നത് 2022 ഏപ്രിലിലായിരുന്നു. അന്ന് മുതൽ ഒരു വർഷക്കാലയളവിൽ പല തവണ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പേരാമ്പ്ര അയ്യപ്പൻ ചാലിൽ സുരേഷ് എന്ന 53 കാരനെയാണ് കോടതി ശിക്ഷിച്ചത്. പതിനേഴര വര്ഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മേപ്പയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷിച്ചത്.

ഇതിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ വീട്ടിൽ പോയി മൊബൈൽ ഫോണിലെ അശ്ളീല ദൃശ്യങ്ങൾ കാണിച്ച ശേഷം പീഡിപ്പിച്ചു എന്നാണു കേസ്. മൂന്നു പോക്സോ കേസുകളിലും ജില്ലാ പോക്സോ കോടതി ജഡ്ജി എം.സുഹിബാണ് ശിക്ഷ വിധിച്ചത്. മൂന്നു കേസിലും പ്രോസിക്യൂഷനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മനോജ് അരൂരാണ് ഹാജരായതും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍