നിലവിളക്ക് വിവാദത്തില്‍ പുതിയ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വീണ്ടും രംഗത്ത്. നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ല. ഇനിയും ഒരു ചടങ്ങിലും ഒരിക്കലും നിലവിളക്ക് കത്തിക്കില്ല. തന്റെ മുൻഗാമികളായ ലീഗ് നേതാക്കന്മാർ ആരും തന്നെ നിലവളക്ക് കത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുസ്ലിംലീഗിനെ അടിമുടി ഉലച്ച നിലവിളക്ക് വിവാദത്തില്‍ മന്ത്രി എം.കെ മുനീറിന് തെറ്റു പറ്റിയതാണ്. കത്തിക്കില്ലെന്നതാണ് പാര്‍ട്ടി നിലപാട്. നിലവിളക്ക് കൊളുത്തില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. ഇനി ഒരു ചടങ്ങിലും ഒരിക്കലും താന്‍ നിലവിളക്ക് കൊളുത്തില്ലെന്ന് അബ്ദുറബ്ബ് വ്യക്തമാക്കി.
മുഹമ്മദ് കോയയും ഇബ്രാഹിം കുരിക്കളുമാണ് ആദ്യം ലീഗിനു വേണ്ടി മന്ത്രിമാരായവർ. അവരുടെ പാരമ്പര്യമാണ് താനും പിന്തുടരുന്നത്. സിഎച്ചിന്റെ മകനു വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അദ്ദേഹത്തോടു ചോദിക്കണം. വിഷയത്തിൽ താൻ ഒറ്റപ്പെട്ടിട്ടില്ല. പാർട്ടിയുടെ നിലപാട് പാർട്ടി നേതൃത്വത്തോടു ചോദിക്കണമെന്നും റബ്ബ് പറഞ്ഞു.
ഹയർ സെക്കൻഡറി ജൂനിയർ – സീനിയർ അധ്യാപകരുടെ പ്രശ്നം താൻ മന്ത്രിയായ ശേഷം ഉണ്ടായതല്ല. ഇതിന്റെ പേരിൽ മുസ്‌ലിം ലീഗ് അനുകൂല അധ്യാപക സംഘടന സമരം നടത്തുന്നതായി അറിയില്ല. സംഘടനയുടെ വിവിധ ആവശ്യങ്ങളിൽ അതുൾപ്പെട്ടിട്ടുണ്ടാകാം. ഹയർ സെക്കൻഡറിയിലെ ഓരോ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് കൈപുസ്തകം ലഭിക്കാത്തതിന് സർക്കാർ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമമുണ്ടാക്കിയിട്ടില്ല. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ല. അതിനാല്‍ തന്നെ ഇനിയുള്ള കാലങ്ങളിലും ഒരു ചടങ്ങും നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യില്ലെന്നും വിവാദങ്ങളുടെ തോഴനായ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി.