അവസാനനിമിഷം നടത്തിയ അനുനയ നീക്കത്തിലും ഫ്രാന്‍സിസ് ജോര്‍ജിനെയും ആന്റണി രാജുവിനെയും ഒപ്പം നിര്‍ത്താന്‍ പി ജെ ജോസഫിനും കേരള കോണ്‍ഗ്രസിനുമായില്ല. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ മുന്നണിയും പാര്‍ട്ടിയും വിടാന്‍ ഇവര്‍ തയ്യാറെടുക്കുമ്പോള്‍ സീറ്റ് ഉറപ്പാണെന്ന് പി ജെ ജോസഫ് നേതാക്കളെ അറിയിച്ചു കഴിഞ്ഞു.
ഇന്നലെ വിമതന്മാരുമായി പി ജെ ജോസഫ് നടത്തിയ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റ് നല്‌കാമെന്ന് ഉറപ്പു നല്‌കിയിരുന്നു. ആന്റണി രാജുവിനും ഡോ കെ സി ജോസഫിനും സീറ്റ് ഉറപ്പാണെന്നും പറഞ്ഞിരുന്നു. എങ്കിലും, ഇടതുപാളയത്തിലേക്ക് പോകാന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഭാവിയില്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയാത്തതാണ് മുന്നണി വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ എം മാണിയെ നേതാവായി അംഗീകരിക്കുമ്പോള്‍ തന്നെ ജോസ് കെ മാണിയെ അംഗീകരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറല്ല.
കൂടാതെ, സീറ്റിനായി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ ശേഷം ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ മുന്നണി മാറിവന്നാല്‍ അംഗീകരിക്കില്ലെന്ന് ഇടതുപക്ഷം അറിയിച്ചിരുന്നു. ഇതും നേരത്തെ ഉചിതമായ തീരുമാനം എടുക്കാന്‍ ഇവര്‍ക്ക് പ്രേരണയായി.