അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടേണ്ടവരല്ല; വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്, ഗീതയെ എല്ലാവരും അംഗീകരിക്കുന്നുണ്ട് - മുഖ്യമന്ത്രി
വെള്ളി, 29 ജൂലൈ 2016 (18:24 IST)
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹൈക്കോടതിയുടെ ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നത് മറക്കാന്‍ സാധിക്കില്ല. ഇതിനാലാകും ഹൈക്കോടതി മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ഹൈക്കോടതി തന്നെ ഒരു തീരുമാനമെടുക്കുമെന്നും അതിന് സമയമായെന്നും ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സുഗമമായ ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഹൈക്കോടതിയില്‍ നടന്ന സംഭവവികാസങ്ങളില്‍ വെറുമൊരു ക്രമസമാധാന പാലനം എന്ന നിലയില്‍ നോക്കി കാണാന്‍ സാധിക്കില്ല. താല്‍ക്കാലിക പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിനായിട്ടാകും ഹൈക്കോടതി മാധ്യമ പ്രവര്‍ത്തകരെ തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിംഗിനുള്ള സാഹചര്യം ഒരുക്കണം. വിഷയത്തില്‍ ഹൈക്കോടതി തന്നെ നിലപാട് സ്വീകരിക്കും. കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാരിനും പൊലീസിനും ഇടപെടാന്‍ സാധിക്കില്ല. നേരത്തെ ഇരു വിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തിയതാണ്. യോഗത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. പിന്നീടാണ് ഇരു കൂട്ടരും നേര്‍ക്കുനേര്‍ എത്തിയതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഉപദേഷ്‌ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല. അവരെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം എങ്ങനെയാണ് വലതുപക്ഷ നയങ്ങളെ മുറുകെ പിടിക്കുന്ന ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവാക്കുന്നതെന്നാണ് എല്ലാവര്‍ക്കും സംശയം. ഏത് നല്ലതിലും ദോഷം കണ്ടെത്തുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. ഗവണ്‍മെന്റിന് വീഴ്‌ച പറ്റിയാല്‍ ആര്‍ക്കും ഉപദേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. കുളച്ചല്‍ തുറുമുഖം വരുന്നതില്‍ കേരളം ആശങ്ക പെടേണ്ടതില്ല. കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിന്റെ വികസനത്തെ ഒരു തരത്തിലും ബാധിക്കില്ല. ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച തൃപ്‌തികരമായിരുന്നു, വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തെമെന്നുമുള്ള ഉറപ്പും ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ പ്ലാസ്‌റ്റിക് പാര്‍ക്ക് ആരംഭിക്കും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. കൂടാതെ വിവിധ വിഷയത്തില്‍ കേരളത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.