രാത്രിയില്‍ അനുവാദമില്ലാതെ പ്രതിപക്ഷ എം എല്‍ എയുമായി ഓഫീസിലെത്തി, ഇടത് എംഎല്‍എയോട് കയര്‍ത്ത് മുഖ്യമന്ത്രി
ശനി, 3 സെപ്‌റ്റംബര്‍ 2016 (14:00 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ കണിശക്കാരനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും പറഞ്ഞത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന അദ്ദേഹം സ്വന്തം മന്ത്രിമാരെയും എംഎല്‍എമാരെയും വരുതിക്ക് നിര്‍ത്താനും മിടുക്കള്ളവനാണെന്ന് കഴിഞ്ഞ ദിവസം ഒരിക്കല്‍ കൂടി തെളിയിച്ചു.
മുന്‍കൂട്ടി അനുവാദം വാങ്ങാതെ കോവളം എംഎല്‍എയും കെപിസിസി സെക്രട്ടറിയുമായ എം വിന്‍സന്റിനെ ഒപ്പം കൂട്ടി വന്ന ഇടത് എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ഐബി സതീഷിനെയാണ് മുഖ്യമന്ത്രി ശാസിച്ചത്.
കരമന - കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് സംസാരിക്കാനായിരുന്നു വിന്‍സന്റും സതീഷും ഓഫീസില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ആക്ഷന്‍ കൌണ്‍സിലെ ചില പ്രവര്‍ത്തകരും ഉണ്ടായിരുന്നു. രാത്രിയില്‍ എത്തിയതിന്റെയും മുന്‍കൂട്ടി അനുവാദം വാങ്ങാത്തതിന്റെയും എതിര്‍പ്പ് മുഖ്യമന്ത്രി പ്രകടിപ്പിച്ചില്ല.
പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ആവശ്യമായ നടപടികള്‍ എത്രയും വേഗം ചെയ്യാമെന്നും മുഖ്യമന്ത്രി ഇരു എംഎല്‍എമാരെയും അറിയിച്ച ശേഷമായിരുന്നു പിണറായി സതീഷിനോട് കയര്‍ത്തത്. മറ്റു പല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിനിടയില്‍ നിങ്ങള്‍ എത്തിയത് ഉചിതമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കേട്ട വിന്‍സന്റും ആക്ഷന്‍ കൗണ്‍സിലര്‍ പ്രവര്‍ത്തകരും നിശബ്ദരായി ഇരിക്കുകയായിരുന്നു.