സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു; കള്ളപ്പണം സഹകരണ ബാങ്കുകളിലാണെന്ന് പറയുന്നത് അസംബന്ധം, കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പിണറായി വിജയൻ

വ്യാഴം, 17 നവം‌ബര്‍ 2016 (11:23 IST)
പിന്‍വലിച്ച നോട്ടുകളുടെ ഇടപാട് നടത്താന്‍ സഹകരണ ബാങ്കുകളെ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകളെ ബോധപൂർവ്വം തകർക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനകൾ നടക്കുന്നതായി സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ. സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിയല്ല. സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് അസംബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വളർച്ചയിൽ സഹകരണ മേഖലയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. 
 
അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിനോ നിക്ഷേപം സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് വ്യക്തമാക്കിയത്. നോട്ടുവിനിമയത്തില്‍നിന്ന് സഹകരണമേഖലയെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ ധനമന്ത്രാലയത്തോട് നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആവശ്യം റിസർവ് ബാങ്ക് തള്ളുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക