മുസ്ലിം തീവ്രവാദങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ അതിനെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടി പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ അത് മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഉദാഹരണത്തിനു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 150 കിലോ സ്വര്‍ണവും 120 കോടി ഹവാല പണവുമാണ് കേരള പൊലീസ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഈ പണം കേരളത്തിലേക്ക് എത്തുന്നത് സംസ്ഥാന വിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം ശക്തമായ നടപടികളെ തുടര്‍ന്നാണ് ഞങ്ങള്‍ മുസ്ലിം വിരുദ്ധരാണെന്ന തരത്തിലുള്ള കുപ്രചരണങ്ങള്‍ നടക്കുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും എല്ലാക്കാലത്തും ആര്‍എസ്എസിനെയും മറ്റു ഹിന്ദുത്വ ശക്തികളേയും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തതിനു ഞങ്ങളുടെ ഒട്ടേറെ സഖാക്കളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇടതുപക്ഷത്തിനും സിപിഎമ്മിനും ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല. യുഡിഎഫിനൊപ്പം നിന്നിരുന്ന കേരളത്തിലെ ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തുടങ്ങി. ഇക്കാരണത്താലാണ് ഇടതുപക്ഷത്തിനെതിരെ പല കുപ്രചരണങ്ങളും എതിരാളികള്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു.