ഏതെങ്കിലും വക്രബുദ്ധിക്കാര്‍ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല; പൊലീസിന് പിന്തുണയുമായി മുഖ്യമന്ത്രി

ഞായര്‍, 9 ഏപ്രില്‍ 2017 (11:11 IST)
ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുള്ള നടപടിയില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലും പൊലീസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. പൊലീസിനെതിരെ നടക്കുന്ന വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല. തെറ്റ് ചെയ്യാത്തവരെ ആരുതന്നെ വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കുമെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. 
 
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രമാണ്  പൊലീസിന് കാര്‍ക്കശ്യം വേണ്ടത്. പൊലീസാകുകയെന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ല. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നിൽക്കുന്ന പൊലീസിനെയാണ് ആവശ്യം. ജനങ്ങളുടെ ജീവിതത്തിന് ഭംഗംവരുത്തുന്ന ഗുണ്ടാ, മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക