പെരുമ്പാവൂര്‍ സംഭവം തെരഞ്ഞെടുപ്പില്‍ മുതലാക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍: പക്ഷേ, വലതിനും ഇടതിനും പരിധിയില്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല; ഏപ്രില്‍ 28ന് നടന്ന സംഭവത്തില്‍ സ്ഥലം എംഎല്‍എ ‘ഞെട്ടിയത്’ മെയ് രണ്ടിന്

അതിദാരുണവും പൈശാചികവുമായ കൊലപാതകം പെരുമ്പാവൂരില്‍ നടന്നിട്ട് ഒരാഴ്ച കഴിയാന്‍ പോകുകയാണ്. നിയമവിദ്യാര്‍ത്ഥിനിയായ ജിഷ പെരുമ്പാവൂരിലെ പുറമ്പോക്ക് ഭൂമിയിലെ തന്റെ ഒറ്റമുറി വീട്ടില്‍ 38 മുറിവുകള്‍ ശരീരത്തിലേറ്റു വാങ്ങിയാണ് അതിജീവനത്തിനു വേണ്ടി പോരാടിയ ഈ മണ്ണില്‍ നിന്ന് മടങ്ങിയത്. ഏപ്രില്‍ 28ന് നടന്ന സംഭവം പുറംലോകം വ്യക്തതയോടെ അറിഞ്ഞു തുടങ്ങിയത് തിങ്കളാഴ്ചയോടെയാണ്. ഇന്നലെയും ഇന്നുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിവിധ സംഘടനകളും കൂട്ടായ്മകളും ജിഷയ്ക്ക് നീതി ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.
 
ജിഷയ്ക്ക് നീതി തേടിയുള്ള മുറവിളികള്‍ ഭരണകൂടത്തിന്റെയും രാഷ്‌ട്രീയനേതാക്കളുടെയും ചെവികളിലുമെത്തി. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പെരുമ്പാവൂരില്‍ എത്തി. തെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ വിഷയത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടു നില്‍ക്കാന്‍ ഇടതിനും വലതിനും ബി ജെ പിക്കുമാകില്ല. സംഭവം സര്‍ക്കാരിന്റെ കഴിവുകേടാണെന്നും പ്രത്യേകസംഘം അന്വേഷിക്കണമെന്നും സ്ഥലത്തെത്തിയ വി എസ് ആവശ്യപ്പെട്ടു. ജിഷയെ കൊലപ്പെടുത്തിയവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കര്‍ശന നടപടികളെടുക്കുമെന്ന് പറയുമ്പോഴും കേരളം പോലൊരു നാട്ടില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി പറയുന്നു.
പക്ഷേ, മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പുറത്ത് കുതിര കയറി പെരുമ്പാവൂര്‍ വിഷയം തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാം എന്ന് ഇടതുപക്ഷം കരുതിയാല്‍ അവര്‍ക്ക് തെറ്റും. കാരണം, കഴിഞ്ഞ 15 വര്‍ഷമായി പെരുമ്പാവൂരില്‍ നിന്നുള്ള എം എല്‍ എ സാജു പോള്‍ അടിയുറച്ച സി പി എംകാരനാണ് എന്നതു തന്നെ. ഏപ്രില്‍ 28ന് സ്വന്തം മണ്ഡലത്തില്‍ നടന്ന ഈ സംഭവത്തില്‍ ഒന്നു ഞെട്ടാന്‍ തിങ്കളാഴ്ച ഉച്ചയോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരേണ്ട സമയം വരെയെത്തി. അതു മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷമായി കനാല്‍ പുറമ്പോക്കിലെ ഭൂമിയിലാണ് ജിഷയും അമ്മയും താമസിച്ചു വരുന്നത്. ഒരു വീടു വെയ്ക്കാന്‍ പഞ്ചായത്തില്‍ നിന്നുള്ള സഹായം തേടിയുള്ള ഓട്ടത്തിലായിരുന്നു ജിഷയെന്ന് ജിഷയുടെ സുഹൃത്ത് ഇന്ന് ഒരു മുഖ്യധാരാപത്രത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാതിരുന്ന ജിഷയ്ക്കും അമ്മയ്ക്കും വീട് ഒരു കിട്ടാക്കനിയായി മാറി, പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട് ദാരുണാന്ത്യത്തിന് കാരണവുമായി.
 
മകളുടെ മരണത്തില്‍ തകര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ ചൊവ്വാഴ്ച എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഇന്നെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഇടതു യുവജനസംഘടകള്‍ തടഞ്ഞിരുന്നു. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എല്‍ദോസ് സംഭവം അറിഞ്ഞ് ഞെട്ടിയത് ചൊവ്വാഴ്ച മാത്രമാണ്. പെരുമ്പാവൂരിലെ ഇടതു-വലതു സ്ഥാനാര്‍ത്ഥികളായ സാജു പോളിന്റെയും എല്‍ദോസ് കുന്നപ്പള്ളിയുടെയും ഫേസ്‌ബുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകള്‍ക്ക് താഴെ ജിഷയ്ക്ക് നീതി തേടിയുള്ള കമന്റുകളാണ്.
 
ഏതായാലും കേരളം ചെറുതായെങ്കിലും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും അതിന്റെ ശക്തി കൂടുമെന്നു തന്നെ പ്രതീക്ഷിക്കാം. എങ്കിലും, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്തേണ്ടത് എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. പ്രതിയെ കണ്ടെത്തുക മാത്രമല്ല എത്രയും പെട്ടെന്ന് നീതി നടപ്പാക്കുകയും വേണം, എങ്കില്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖയെ പോലെ പെണ്ണിന് ജീവിക്കാന്‍ കഴിയുകയുള്ളൂ.

വെബ്ദുനിയ വായിക്കുക