പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണവേട്ട: 1.20 കോടി രൂപ പിടിച്ചെടുത്തു, രണ്ട് പേര്‍ അറസ്റ്റില്‍

ബുധന്‍, 16 മാര്‍ച്ച് 2016 (14:13 IST)
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തൊട്ടാകെ പൊലീസ് അരിച്ചു പെറുക്കി നടത്തുന്ന വാഹന പരിശോധനകളിലൂടെ കോടിക്കണക്കിനു രൂപയുടെ കുഴല്‍പ്പണ വേട്ട നടക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം രാവിലെ ബംഗളൂരുവില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 1,19,72,000 രൂപയുടെ കുഴല്‍പ്പണ വേട്ടയാണു പൊലീസ് നടത്തിയത്.

ഇതോടനുബന്ധിച്ച് പട്ടാമ്പി കൈപ്പുറം സ്വദേശികളായ തൃപ്പങ്ങാവില്‍ അബ്ദുള്‍ റഷീദ് (35), തൃപ്പങ്ങാവില്‍ മുഹമ്മദ് നവാസ് (26) എന്നിവരെയാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് തൂതയില്‍ നിന്ന് പിടികൂടിയത്. കാറിന്‍റെ മുന്‍ സീറ്റിന്‍റെ അടിയില്‍ പ്രത്യേക അറ നിര്‍മ്മിച്ചായിരുന്നു പണം ഒളിപ്പിച്ചു വച്ചിരുന്നത്.

എന്നാല്‍ പിടിയിലായവര്‍ ഹവാല ഇടപാടുകാരുടെ ക്യാരിയര്‍മാര്‍ മാത്രമാണെന്നാണു പൊലീസ് നിഗമനം. പെരിന്തല്‍മണ്ണ സി ഐ എ എം സിദ്ദിഖ്, എസ് ഐ ജോബി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

കഴിഞ്ഞ ദിവസം പാലക്കാട്ടെ ചിറ്റൂരില്‍ നിന്ന് 2.97 കോടി രൂപയുടെ കുഴല്‍പ്പണവും കടത്താനുപയോഗിച്ച ആഡംബര കാറുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവര്‍ വെറും ക്യാരിയര്‍മാരായിരുന്നു എന്നതാണ് ഈ കേസിലെയും പ്രത്യേകത.

അടുത്തകാലത്താണ് ആറു കോടി രൂപയുടെ കുഴല്‍പ്പണവും 13 കിലോയോളം സ്വര്‍ണ്ണവും പെരിന്തല്‍മണ്ണ പൊലീസ് പിടിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ ഹവാല പണം ഉപയോഗിക്കുന്നത് തടയുക എന്ന ലക്‍ഷ്യത്തോടെയാണ് പ്രധാനമായും വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക