തന്നെ അയോഗ്യനാക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് പിസി ജോര്‍ജ്

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:22 IST)
തന്നെ എം എല്‍ എ സ്ഥാനത്തു നിന്ന് നീക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിക്കളയണമെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. തന്നെ അയോഗ്യനാക്കണമെന്ന ആവശ്യം ഭരണഘടനവിരുദ്ധമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്‍കിയ കത്തിന്, സ്പീക്കര്‍ക്ക് നല്കിയ വിശദീകരണത്തിലാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്. വിശദീകരണ കത്ത് നിയമസഭ സെക്രട്ടറിക്കാണ് കൈമാറിയത്.
 
നിയമസഭാചട്ടം ആറു പ്രകാരം കേരളാ കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കില്ല. അത് തള്ളിക്കളയണം.  തന്നെ അയോഗ്യനാക്കണമെന്ന ആവശ്യം ഭരണഘടന വിരുദ്ധമാണെന്നും കത്തില്‍ ജോര്‍ജ് വ്യക്തമാക്കുന്നു. പാര്‍ട്ടി നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് ജോര്‍ജ് മാധ്യമങ്ങളോടും പറഞ്ഞു.
 
കൂറുമാറ്റ നിരോധനിയമ പ്രകാരം പി സി ജോര്‍ജിനെ, എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. പാര്‍ട്ടി വിപ്പ് കൂടിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആയിരുന്നു കത്ത് നല്കിയത്.

വെബ്ദുനിയ വായിക്കുക