സംസ്ഥാന സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി സി ജോര്‍ജ് മുന്നണിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭ സ്പീക്കര്‍ എന്‍ ശക്തന്‍ നടത്തിയ തെളിവെടുപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ മൊഴി നല്കിയത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും മൊഴി നല്കാന്‍ എത്തിയിരുന്നു. തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടു നിന്നു.
മുന്നണി വിരുദ്ധ പ്രവര്‍ത്തനമാണ് പി സി ജോര്‍ജ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ പ്രവര്‍ത്തിച്ച ജോര്‍ജ് മുന്നണിക്കെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ ജോര്‍ജ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നണിയില്‍ തുടരാന്‍ ജോര്‍ജിന് അര്‍ഹതയില്ലെന്ന് വി എം സുധീരന്‍ മൊഴി നല്‍കി.
പി സി ജോര്‍ജിന്റെ ആവശ്യപ്രകാരം എം എല്‍ എമാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എം വി ശ്രേയാംസ്‌കുമാര്‍, എ പ്രദീപ്കുമാര്‍, വി എസ് സുനില്‍കുമാര്‍ എന്നിവരോടും തെളിവെടുപ്പിന് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരു. എന്നാല്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമേഹാജരാകാന്‍ കഴിയുകയുള്ളൂവെന്ന് ഇവര്‍ അറിയിച്ചു.