ചിന്നിച്ചിതറിയ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ ഇന്നും കണ്ടെത്തി; പലരും വീട്ടില്‍ എത്തിയിട്ടില്ല, ആശങ്കയോടെ ബന്ധുക്കള്‍

തിങ്കള്‍, 11 ഏപ്രില്‍ 2016 (10:59 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. വെടിക്കെട്ടിന് പോയ പലരും വീട്ടില്‍ തിരിച്ചെത്താതും അവരെക്കുറിച്ച് വിവരമില്ലാത്തതും ആശങ്ക പകരുന്നുണ്ട്.

കാണാതായവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. ഇവര്‍ക്കായി ആശുപത്രികളിലും ക്ഷേത്രപരിസരങ്ങളിലും തെരച്ചില്‍ തുടരുന്നുണ്ട്. ബന്ധപ്പെട്ടവര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പലരും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മോര്‍ച്ചറികളില്‍ തിരിച്ചറിയാത്തവിധം പരുക്കുകള്‍ ഏറ്റ മൃതദേഹങ്ങളുണ്ട്. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറിലധികം പേരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും ചികിൽസയിലുളളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറ് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും എട്ടെണ്ണം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും നാലെണ്ണം കൊല്ലം ജില്ലാ ആശുപത്രിയിലും ഒരെണ്ണം വീതം കൊല്ലം മെഡിസിറ്റിയിലും പുനലൂർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തും കൊല്ലത്തുമായാണ് പരുക്കേറ്റവർ ചികിൽസയിലുളളത്. ഈ ആശുപത്രികളിൽ വിദഗ്ധചികിൽസയ്ക്കുളള സൗകര്യം വർധിപ്പിക്കും. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തും. നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്്ഡ സംസ്ഥാനത്ത് തുടരുകയാണ്.

വെബ്ദുനിയ വായിക്കുക