പറവൂര്‍ പെണ്‍വാണിഭം: കേസ് അട്ടിമറിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് കണ്ടെത്തി
വെള്ളി, 3 ജൂലൈ 2015 (10:19 IST)
സംസ്ഥാനത്തെ ഞെട്ടിച്ച പറവൂർ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേതുടര്‍ന്ന് അയൂബ് ഖാനെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി.
ഇടനിലക്കാരുമായി ചേര്‍ന്ന് പ്രതികളെ രക്ഷിക്കാനായിരുന്നു അയൂബ് ഖാന്‍ ശ്രമിച്ചത്. അസി. നേരത്തെ പ്രോസിക്യൂട്ടറുടെ നീക്കങ്ങളിൽ സംശയം തോന്നിയ ക്രൈംബ്രാഞ്ച് ഇയാളുടെ ഫോണ്‍ സംഭാഷണം പിടിച്ചെടുക്കുകയായിരുന്നു. കേസിൽ കുടുക്കാതിരിക്കാൻ കോയമ്പത്തൂർ സ്വദേശിയായ ഒരാളിൽ നിന്നും ഒന്നേകാൽ കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ഫോൺ സംഭാഷണങ്ങളും പണം നൽകാൻ എത്തിയതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും തുടര്‍ന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചു. എന്നാൽ, ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് അഡ്വ. അയൂബ് ഖാൻ പ്രതികരിച്ചു. മാധ്യമങ്ങളിൽ നിന്നാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പറവൂര്‍ പെണ്‍വാണിഭകേസ്. അച്ഛന്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് 2009 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫ്ളാറ്റില്‍ വച്ച് പലര്‍ക്കും കാഴ്ച വെച്ചുവെന്നായിരുന്നു കേസ്. 50ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ പത്തോളം കേസുകളുടെ വിചാരണ മാത്രമാണ് നടന്നിട്ടുള്ളത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്.