പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടില്ല; തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തും: മുഖ്യമന്ത്രി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം നാളെ ചേരുന്ന ഉന്നതതല യോഗം ചര്‍ച്ചചെയ്യും. സര്‍ക്കാരിന്റെ നിലപാട് യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഹൈക്കോടതി അംഗീകരിച്ചാല്‍ വാര്‍ഡ് വിഭജനം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് വിഭജന കാര്യത്തിൽ അന്തിമരൂപം ആകാത്തതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ കഴിയില്ലെന്ന ആശങ്ക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ഗവർണറെയും സർക്കാരിനെയും അറിയിച്ചിരുന്നു.
ഇപ്പോഴത്തെ നിലയിലാണു കാര്യങ്ങൾ പുരോഗമിക്കുന്നതെങ്കിൽ ഡിസംബറിലേ തെരഞ്ഞെടുപ്പു നടത്താൻ കഴിയൂവെന്നാണു ഗവർണർക്കും ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ കമ്മിഷൻ വ്യക്തമാക്കിയത്. അല്ലാത്തപക്ഷം പഴയ വാർഡ് വിഭജനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.