ലഹരി മരുന്നു വില്‍പ്പന: 6 മാസത്തിനുള്ളില്‍ 5210 പേര്‍ പിടിയില്‍
തിങ്കള്‍, 1 ഡിസംബര്‍ 2014 (19:30 IST)
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി മരുന്നു വില്‍പ്പന നിരോധിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ 5210 പേര്‍ പിടിയിലായി. കഴിഞ്ഞ മേയ് 30 മുതലാണു ഇത്തരത്തിലൊരു നീക്കം ആരംഭിച്ചത്.
ഇക്കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ 26364 റെയ്ഡുകളാണു നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 533 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ച്ചയായി നടക്കുന്ന പരിശോധനകളില്‍ പ്രതിദിനം ശരാശരി 10 മുതല്‍ 15 പേരെ വരെ പിടികൂടുന്നുണ്ട്.
സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പാന്‍പരാഗ് തുടങ്ങിയ ലഹരി വസ്തുക്കള്‍ കച്ചവടം ചെയ്യുന്നവരെ കുടുക്കാനായി പൊതുജനങ്ങളുടെ സഹകരണവും പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.