പമ്പാ അണക്കെട്ടു തുറക്കുന്നു: റാന്നിക്കാര്‍ ആശങ്കയില്‍

എ കെ ജെ അയ്യര്‍

ഞായര്‍, 9 ഓഗസ്റ്റ് 2020 (13:41 IST)
പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോരങ്ങളില്‍ കനത്ത മഴ പെയ്യുന്നതു കാരണം പമ്പാ നദിയിലെ പമ്പാ അണക്കെട്ട് നിറയുകയാണ്. ഇതിനെ തുടര്‍ന്ന് പമ്പാ അണക്കെട്ട് ഉടന്‍ തന്നെ തുറന്നേക്കും. തത്കാലം 6 ഷട്ടറുകള്‍.തുറക്കാനാണ് തീരുമാനം. ഇവ രണ്ടടി വീതമാണ് ഉയര്‍ത്തുക. ഇവ എട്ടു മണിക്കൂര്‍ തുറന്നിരിക്കുമെന്നും അധികാരികള്‍ അറിയിച്ചു. ഇതോടെ പമ്പ നദിയിലെ ജലനിരപ്പ് നാല്‍പ്പത് സെന്റി മീറ്റര്‍ വരെ ഉയരും.
 
ഇത്തരത്തില്‍ പമ്പാ അണക്കെട്ടു തുറന്നാല്‍ കേവലം അഞ്ചു മണിക്കൂറിനുള്ളില്‍ ഇരച്ചെത്തുന്ന പെരുവെള്ളം റാന്നിയിലെത്തുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ ഭീതിയില്‍ കഴിയുന്ന റാന്നി ജനത ഇതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ കാല പ്രളയ  കെടുതികള്‍ അവര്‍ മറന്നിട്ടില്ല. ജനം ഇപ്പോള്‍ തന്നെ സുരക്ഷിത സ്ഥാനങ്ങള്‍ നോക്കി ഓട്ടം ആരംഭിച്ചുകഴിഞ്ഞു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അണക്കെട്ടു തുറക്കുന്നതില്‍ അധിക ആശങ്ക വേണ്ടെന്നാണ് ജില്ലാ കലക്റ്റര്‍ അറിയിച്ചത്. 
 
അപകട സാധ്യത മുന്നില്‍ കണ്ട് പത്തനംതിട്ടയിലെ ആറന്മുള, റാന്നി എന്നിവിടങ്ങളിലും ചെങ്ങന്നൂരിലും ബോട്ടുകളും വള്ളങ്ങളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍