നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിക്കുന്നു; ഇനി പത്തേക്കര്‍ നെല്‍വയല്‍ നികത്താം...!

വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:42 IST)
സംസ്ഥാനത്തെ നെല്‍‌വയല്‍ സംരക്ഷണ നിയമ അട്ടിമറിച്ചുകൊണ്ട് പത്തേക്കര്‍ വരെയുള്ള നെല്‍‌വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് അണിയറയില്‍ തയ്യാറാകുന്നു. വന്‍കിട സ്വകാര്യസംരംഭങ്ങള്‍ വരുന്നതിന് നെല്‍വയല്‍ സംരക്ഷണനിയമം തടസ്സമാകുന്നുവെന്നാണ് ഇതിന് സര്‍ക്കാര്‍ പറയുന്ന ന്യായം. റവന്യുവകുപ്പ് രൂപം നല്‍കിയ ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാല്‍ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

വയല്‍സ്വകാര്യസംരംഭത്തിനായാണ് വയല്‍ നികത്തുന്നതെങ്കില്‍ അവിടെ തുടങ്ങുന്ന വ്യവസായം പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നുമുള്ള വ്യവസ്ഥ മാത്രമാണ് ഉപാധി. സ്വകാര്യസംരംഭങ്ങള്‍ക്കു വേണ്ടിയാണ് വയല്‍ നികത്തുന്നതെങ്കില്‍, അനുമതി നല്‍കാന്‍ ജില്ലാതലത്തില്‍ ഏകജാലക സംവിധാനം ഒരുക്കും. സര്‍ക്കാര്‍ ആവശ്യത്തിനാണെങ്കില്‍ സംസ്ഥാനതല സമിതിയുണ്ടാകും.

ജില്ലാതല ഏകജാലക സംവിധാനത്തില്‍ കളക്ടര്‍ അധ്യക്ഷനായ സമിതിയുണ്ടാകും. ആര്‍.ഡി.ഒ., തഹസില്‍ദാര്‍, കൃഷിഓഫീസര്‍ എന്നിവര്‍ അംഗങ്ങളാകും. സംസ്ഥാനതല സമിതിയില്‍ കാര്‍ഷികോത്പാദന കമ്മിഷണര്‍ ചെയര്‍മാനും റവന്യു വകുപ്പ് സെക്രട്ടറി കോ ചെയര്‍മാനുമാണ്. കൃഷിവകുപ്പ് സെക്രട്ടറിയും ലാന്‍ഡ് റവന്യു വകുപ്പ് കമ്മിഷണറും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പരിസ്ഥിതി വിദഗ്ദ്ധനോ നെല്‍ശാസ്ത്രജ്ഞനോ സമിതി അംഗങ്ങളുമാകും. പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതൊടെ സംസ്ഥാനത്ത് ശേഷിക്കുന്ന നെല്‍‌വയലുകള്‍ കൂടെ ഇല്ലാതാകുമെന്നാണ് ആശങ്ക.

വെബ്ദുനിയ വായിക്കുക