കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞദിവസം, ജയരാജന്റെ ജാമ്യാപേക്ഷയ്ക്ക് എതിരെ സി ബി ഐ കോടതിയില്‍ എതിര്‍സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. സി ബി ഐ സമര്‍പ്പിച്ച സത്യവാങ്‌മൂലം പൂര്‍ണമായും അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. സി ബി ഐ അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ജാമ്യാപേക്ഷ നല്കിയത്.
നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. യു എ പി എ ചുമത്താന്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്. മനോജ് വധക്കേസിലെ മുഖ്യപ്രതിയായ വിക്രമന്‍ പി ജയരാജന്റെ ഉറ്റസഹായി ആയിരുന്നു. ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യം ഇല്ലായിരുന്നെന്നും ഇത് ക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു.
സി പി എം രാഷ്‌ട്രീയശക്തി ഉപയോഗിച്ച് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സി ബി ഐ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയത്. അതേസമയം, കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും പ്രതിയാക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നുമായിരുന്നു ജയരാജന്റെ വാദം.