ഡൽഹി: കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി താൽകാലികമായി വിലക്കി. കേസ് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കുന്നത് വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി പൊലീസിന് നിർദേശം നൽകിയത്.
കേസിലെ ഒന്നാം പ്രതിയായ ജോണി വർഗീസ്, നാലാം പ്രതിയായ ജെയ്സ് കെ ജോർജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഊർജിത ശ്രമം നടത്തുന്നതിനിടെയാണ് കോടതിയുടെ നിർദേശം.
കേസിലെ രണ്ടും മൂന്നും പ്രതികളെ പൊലിസ് അറസ്റ്റു ചെയ്യുകയും ഇതിൽ മൂന്നാം പ്രതി ജോൺസൻ വി മാത്യു കുറ്റംസമ്മതിക്കുകയും ചെയ്യുതിരുന്നു. സ്ത്രീത്വത്തെ ആപമാനിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ ജോണി വർഗീസും, ജെയ്സ് കെ ജോർജും ഒളിവിൽ പോയിരുന്നു. വൈദികർ വേട്ടമൃഗങ്ങളെ പോലെ പെരുമാറി എന്നായിരുന്നു വൈദികരുടെ മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്.