ഡിസിസി പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിലവില്‍ അതൃപ്‌തിയൊന്നുമില്ലെങ്കിലും പറയേണ്ട കാര്യങ്ങള്‍ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും സോളാർ കമ്മീഷനിൽ ഹാജരാകാൻ എത്തിയപ്പോള്‍ ഉമ്മൻചാണ്ടിയുടെ പ്രതികരിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്നം മാത്രമേ ഇപ്പോൾ ഉള്ളൂവെന്നും ഉമ്മൻ ചാണ്ടി വ്യക്‌തമാക്കി.
ഡിസിസി പുനഃസംഘടനയിൽ കടുത്ത അതൃപ്‌തി വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീയതി തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്നും സൗകര്യപ്രദമെങ്കിൽ മാത്രമെ യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി തുറന്നു പറഞ്ഞിരുന്നു.
കെപിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉമ്മൻചാണ്ടിക്കും ഗ്രൂപ്പിനുമുണ്ട്. അതിനാൽ 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി.