തന്നോട് കാണിച്ചത് നീതി കേടാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു; പിണക്കം മറന്ന് ജോണി നെല്ലൂര്‍ യുഡിഎഫിലേക്ക്

ശനി, 9 ഏപ്രില്‍ 2016 (11:11 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിലേക്ക് വരുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. മത്സരിക്കുകയാണെങ്കില്‍ മൂവാറ്റുപുഴ സീറ്റിലായിരിക്കും മത്സരിക്കുക. ഈ വിഷയത്തില്‍ തന്നോട് കാണിച്ചത് നീതി കേടാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലേക്കും, കേരളാ കോണ്‍ഗ്രസ് ജേക്കബിലേക്കും മടങ്ങുന്ന കാര്യത്തില്‍  പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹം
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗം ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.


അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോണി നെല്ലൂര്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് കൂടെ കൊണ്ടു നടന്ന് ചതിച്ചുവെന്നും യുഡിഎഫിന്റെ പരാജയം ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോണി നെല്ലൂര്‍ പ്രസ്താവിച്ചിരുന്നു. യുഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിക്കാനും ജോണി നെല്ലൂര്‍ ആലോചിച്ചിരുന്നു.

പാര്‍ട്ടി അംഗത്വം രാജിവച്ച ജോണി നെല്ലൂര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോതമംഗലത്ത് നിന്ന് മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സിപിഎം അത്തരമൊരു നീക്കത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതോടെ അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അദ്ദേഹം സ്വയം തെറ്റുതിരുത്തി  തിരിച്ചെത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്നു അനൂപ് ജേക്കബ് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക