പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയണം: മുഖ്യമന്ത്രി

ചൊവ്വ, 3 മാര്‍ച്ച് 2015 (18:48 IST)
പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവന്നാല്‍ മാത്രമേ ജനക്ഷേമം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വിജെടി ഹാളില്‍ റവന്യുദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമതയോടെ എത്തിക്കാന്‍ കഴിയണം. റവന്യു വകുപ്പ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സേവനങ്ങള്‍ പലതും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. റവന്യുവില്‍ നിന്നും കിട്ടുന്ന അധിക സേവനവും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ സഹായകരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
പട്ടയം, ഭൂരഹിതകേരളം എന്നീ പദ്ധതികള്‍ വിജയിപ്പിക്കേണ്ടതുണ്ട്. പട്ടയം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം കൊടുക്കണം. റവന്യു വകുപ്പിന് ഇക്കാര്യത്തിലുള്ള പ്രയാസങ്ങള്‍ സര്‍ക്കാരിന് ബോധ്യമുണ്ട്. വനം വകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകൊണ്ട് സമയബന്ധിതമായി ഭൂമി കണ്ടെത്തി ആവശ്യക്കാര്‍ക്ക് നല്‍കുക എന്ന ലക്ഷ്യമാണുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ റവന്യു വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തും. കേന്ദ്രാനുമതി ആവശ്യമുണ്ടെങ്കില്‍ അതിനുള്ള നടപടിക്കും ശ്രമിക്കും. അധിക ജീവനക്കാര്‍ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കിയും പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടപടികളെടുക്കും. 
 
ഭൂരഹിത കേരളം പദ്ധതിയില്‍ ഇതിനോടകം 2,43,000 പേരുടെ അപേക്ഷകളാണ് ഒന്നാം ഘട്ടത്തില്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ പുറംലോകവുമായി ബന്ധമില്ലാത്ത ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ള ഏറെപ്പേര്‍ ഇനിയുമുണ്ട്. റവന്യു വകുപ്പിന്റെ കൈയ്യില്‍ ഭൂമി കുറവാണ്. എന്നാല്‍ അര്‍ഹതപ്പെട്ടവന് ഭൂമി ഉണ്ടാക്കി കൊടുത്തേ മതിയാകൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  അധികഭൂമി ഉള്ളവര്‍ ജനക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാകണം. ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.സര്‍ക്കാരിന് ഇതിനായി ഭൂമി ലഭ്യമാക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ റവന്യു വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക