സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ദേശീയ ശരാശരിക്ക് മുകളില്‍: ഉമ്മന്‍ ചാണ്ടി

ചൊവ്വ, 19 മെയ് 2015 (11:52 IST)
തര്‍ക്കങ്ങളും വഴക്കുകളും തല്‍ക്കാലത്തേക്ക് മാറ്റിവച്ച് മുന്‍ നിശ്ചയപ്രകാരം യുഡി‌എഫ് മേഖലാ ജാഥകള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് തെക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ആര്‍ക്കും എതിരായ ജാഥയല്ല ഇതെന്നും, സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനപിന്തുണ നേടാനുമാണ് മേഖലാ ജാഥകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സ്ഥലക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് ഇടതുമുന്നണി സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിനെ അംഗീകരിച്ചുകൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 600 കോടിയില്‍ താഴെമാത്രം വിലവരുന്ന ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത് നല്‍കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ല.

ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നത് അടക്കമുള്ള പോരായ്മകള്‍ പരിഹരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ദേശീയ ശരാശരിക്ക് മുകളിലാണ്. അടിയന്തര സഹായംവേണ്ട ആളുകളെ അവഗണിച്ച് മുന്നോട്ടുപോകാവില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. എല്ലാം തികഞ്ഞുവെന്ന അവകാശവാദമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക