ജിഷയുടെ കൊലപാതകം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല; കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തും- മുഖ്യമന്ത്രി
വ്യാഴം, 5 മെയ് 2016 (18:31 IST)
പെരുമ്പാവൂരിലേത് സാമൂഹ്യ ദുരന്തമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ലെന്നും സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും പെട്ടെന്നുതന്നെ കണ്ടെത്തും. പക്ഷേ അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു.
ഇതൊരു സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല
ഒരു കുടുംബത്തിന്‍റെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്ടം ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയും അതീവ ഗൗരവത്തോടെയുമാണ് പരിഗണിക്കുന്നത്. ഒറ്റപ്പെട്ടതും ക്രൂരവുമായ ഈ കൊലപാതകത്തെ ഒരു സാമൂഹ്യ പ്രശ്നമായാണ് കേരള ജനത കണ്ടത്. ആ അമ്മക്ക് സ്വാന്തനമേകാനും ആ കുടുംബത്തിന് സര്‍ക്കാരിനെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ എത്തിക്കാനും എല്ലാ നടപടികളും സ്വീകരിച്ചു. മുമ്പും ആ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും പെട്ടെന്നുതന്നെ കണ്ടത്തെുകയും ഈ ഹീനകൃത്യം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് ഞാനും എന്‍്റെ സര്‍ക്കാരും. ജിഷയുടെ മാതാവിനും സഹോദരിക്കും പൂര്‍ണമായ പിന്തുണ നല്‍കുന്നതിനും അവര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടിയുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ഈ ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ജിഷയുടെ കുടുംബത്തെ അനുഭാവപൂര്‍വം ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. വെള്ളപേപ്പറില്‍ എഴുതിത്തന്ന അപേക്ഷ പരിഗണിച്ച് നാലുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം ചെയ്തുകൊടുത്തവരാണ് ഈ സര്‍ക്കാര്‍. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുകയും ചെയ്യന്ന സര്‍ക്കാരാണിത്.
പക്ഷേ അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല. ജിഷയുടെ അമ്മയുടെ വികാരത്തെപ്പോലും മാനിക്കാതെയുള്ള നടപടികള്‍ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക. ആ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഹൃദയസ്പര്‍ശിയായിരുന്നു. പക്ഷേ ചിലര്‍ അവര്‍ക്കുണ്ടായ അനുഭവത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുവയ്ക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും പ്രതിക്കൂട്ടിലാക്കുകയുമാണ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തുവന്ന ഒരു വീഡിയോ ദൃശ്യംതന്നെ അതിന്‍റെ സജീവമായ തെളിവാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് സ്ഥലം എം.എല്‍.എയെ കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികള്‍ എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നാം കേട്ടതാണ്.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം ശ്രീ. വി.എസ്.അച്യുതാനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഞാന്‍ വായിച്ചു. അതില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്- ''കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി''. എന്തുകൊണ്ടായിരുന്നു വി.എസ്.അച്യുതാനന്ദന്‍ ആശ്വാസ വാക്കുകള്‍ക്കായി ബുദ്ധിമുട്ടിയത് എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്. ഈ വീഡിയോയിലൂടെ ജനം മനസിലാക്കിയ കാര്യങ്ങളായിരുന്നില്ളേ യഥാര്‍ഥത്തില്‍ വി.എസ്.അച്യുതാനന്ദനും ജനങ്ങളോടും മാധ്യമങ്ങളോടും പറയേണ്ടിയിരുന്നത്. എന്നാല്‍ അതിനെല്ലാം പകരം താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനല്ളേ വി.എസ്.അച്യുതാനന്ദന്‍ ആ സന്ദര്‍ഭം വിനിയോഗിച്ചത്.
കേട്ട വസ്തുതകള്‍പോലും മറച്ചുവെച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ശ്രമമാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നതിലൂടെ വെളിവാക്കപ്പെട്ടത്. ഇതിനെ രാഷ്ട്രീയ മുതലെടുപ്പെന്നല്ലാതെ മറ്റെന്താണ് വിളിക്കുക. കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്‍്റെ ദുഖത്തിനൊപ്പം ചേരുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാര്‍മികതക്കു ചേര്‍ന്നതാണോ.