സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കുമെന്ന് സൂചനകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദത്തില്‍ ഉറച്ച് സരിത.
ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദം ശരിയാണ്. ഇത് തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ അടുത്ത ദിവസം തന്നെ കമ്മീഷനില്‍ ഹാജരാക്കും. ചിലപ്പോള്‍ വിസ്‌താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും സരിത ഇന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ പുതിയ ആരോപണം ഉന്നയിച്ചതിന്‍ പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ അമ്മയെ സമീപിച്ചിരുന്നു. ഇവര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്‌തു. എന്നാല്‍, നേതാക്കളുടെ വാഗ്ദാനത്തില്‍ വീഴരുതെന്ന് അമ്മയ്‌ക്ക് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു. ബാറുടമകളുമായി താന്‍ ഗൂഢാലോചന നടത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്‌താവന തെറ്റാണ്. ബാറുടമകളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സരിത പറഞ്ഞു.
എലഗന്‍സ് ബിനോയിയുടെ പ്രസ്‌താവന തെറ്റാണ്. യാത്രയ്‌ക്കിടയില്‍ എലഗന്‍സ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിട്ടുണ്ട്. അവിടെവെച്ച് ബിനോയിയെ കാണുകയും സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. അതൊരു കൂടിക്കാഴ്‌ചയോ ഗൂഢാലോചനയോ അല്ലായിരുന്നുവെന്നും സരിത പറഞ്ഞു.