അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകളെയാണ് ആദ്യം ആരോഗ്യവതികളാക്കേണ്ടത്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അനീമിയ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഐ എഫ് എ ടാബ്‌ലറ്റുകള്‍ കഴിച്ചാല്‍ ഗര്‍ഭിണികളിലെ അനീമിയ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍, കേരളത്തില്‍ ഗര്‍ഭകാലത്തെ തൊണ്ണൂറില്‍പ്പരം ദിവസങ്ങളില്‍ ഐ എഫ് എ ടാബ്‌ലറ്റ് കഴിക്കുന്ന സ്ത്രീകള്‍ 59.3 ശതമാനം മാത്രമാണ്.
എന്താണ് അനീമിയ ?
ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമെല്ലാം അനീമിയയ്ക്ക് കാരണമാകുന്നു. രക്തത്തിലൂടെ ഓക്സിജന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ അനീമിയ പ്രതികൂലമായി ബാധിക്കുന്നു.
രക്തനഷ്‌ടം മൂലം പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാനകാരണം അനീമിയയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് അനീമിയ മൂലമാണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുവിന്റെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അനീമിയ ബാധിച്ച അമ്മമാരില്‍ ഇത് രണ്ടിനുമുള്ള സാധ്യത വളരെ കൂടുതലാണ്.
ഇരുമ്പ് അടങ്ങിയ ഭക്‌ഷ്യവസ്തുക്കള്‍ ധാരാളമായി കഴിക്കുന്നതിലൂടെ അനീമിയ തടയാന്‍ കഴിയും. ഇറച്ചി (ആട്, കോഴി, പന്നി, കക്ക), കരള്‍, മുട്ട, ചെമ്മീന്‍, കടല്‍ മീനുകള്‍, സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തങ്ങ, ഗ്രീന്‍ പീസ്, ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്‌സ്, ധാന്യങ്ങള്‍, ചോളം, ബജ്‌റ, റാഗി, തവിട് നീക്കാത്ത അരി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഇരുമ്പിന്റെ അപര്യാപ്‌തത പരിഹരിക്കാന്‍
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 100 ഐ എഫ് എ ടാബ്‌ലറ്റുകള്‍ നല്‌കണം. ആദ്യത്തെ 14 മുതല്‍ 15 വരെയുള്ള ആഴ്ചകളില്‍ 100 ദിവസത്തിനു ശേഷം ഒരു ഗുളിക കഴിക്കണം. പ്രസവത്തിന് 100 ദിവസത്തിനു ശേഷം വരെ ഇത് ആവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ‘നിപി’ പദ്ധതിയനുസരിച്ച് ആറുമുതല്‍ 19 വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കും 15 മുതല്‍ 49 വയസു വരെയുള്ള എല്ലാ സ്ത്രീകള്‍ക്കും ഐ എഫ് എ ടാബ്‌ലറ്റുകളോ സിറപ്പോ നല്കേണ്ടതാണ്.