എല്ലാ മണ്ഡലവും ‘ഹൌസ് ഫുൾ’ , നെട്ടോട്ടമോടി പിള്ള - കൺഫ്യൂഷനടിച്ച് ബിജെപി

വെള്ളി, 15 മാര്‍ച്ച് 2019 (09:26 IST)
ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇപ്പോഴും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയെ ഓർത്ത് കൺഫ്യൂഷനിലാണ് പ്രവർത്തകർ. കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവെച്ചുവെന്ന വാർത്ത ഇടിത്തീ പോലെയാണ് പിള്ളയുടെ കാതിലെത്തിയത്. പിള്ളയുടെ സ്വപ്നങ്ങൾക്ക് പൂട്ടുവീണത് അവിടെ മുതലാണ്. 
 
കുമ്മനത്തിന്റെ വരവോട് കൂടെ തിരുവനന്തപുരത്തെ പിള്ളയുടെ സീറ്റ് അനിശ്ചിതത്തത്തിലായി. കുമ്മനത്തിനാണ് പിള്ളയേക്കാളും സ്വീകാര്യതയെന്ന് ആർ എസ് എസ് ആവർത്തിച്ച് പറഞ്ഞതോടെ സീറ്റ് കുമ്മനത്തിന് നൽകേണ്ടി വന്നിരിക്കുകയാണ് പിള്ളയ്ക്ക്. ഇതോടെ വേറെ മണ്ഡലം അന്വേഷിക്കേണ്ടി വന്നിരിക്കുകയാണ് പിള്ളയ്ക്ക്. 
 
രണ്ടാമത് പിള്ള നോട്ടം വെച്ചത് പത്തനം‌തിട്ടയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരട്ടത്താപ്പ് കാണിച്ച ബിജെപിയെ ജനങ്ങൾ തിരിച്ചറിയുമോ എന്നത് ഇനിയും വ്യക്തമല്ല. എന്നാൽ, പ്രത്യക്ഷത്തിൽ ബിജെപി വിശ്വാസികൾക്കൊപ്പമായിരുന്നു. അവർക്കൊപ്പമാണെന്ന് വരുത്തിതീർക്കാൻ ബിജെപിക്കും ആർ എസ് എസിനും സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. 
 
അതിനാൽ, പത്തനം‌തിട്ട കനിയുമെന്ന പ്രതീക്ഷയിലായിരുന്നു പിള്ള. എന്നാൽ, തുഷാർ വെള്ളാപ്പള്ളിയെ തൃശൂരിൽ മത്സരിപ്പിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെടുന്നത്. തുഷാർ മത്സരിക്കാൻ തയ്യാറാണെങ്കിൽ തൃശൂർ തന്നെ നൽകാനാണ് ബിജെപി തീരുമാനം. തൃശൂരിൽ നോട്ടമിട്ടിരിക്കുന്ന കെ സുരേന്ദ്രന് അത് തിരിച്ചടിയാകും. 
 
തുഷാർ തൃശൂർ മത്സരിക്കുമെന്ന് ഉറപ്പായാൽ പത്തനം‌തിട്ടയാണ് സുരേന്ദ്രന്റെ ലക്ഷ്യം. പത്തനം‌തിട്ടയോ തൃശൂരോ വേണമെന്ന വാശിയിൽ തന്നെയാണ് സുരേന്ദ്രൻ. അങ്ങനെയെങ്കിൽ ശബരിമല വിഷയത്തിൽ സുരേന്ദ്രന്റെ ജയിൽ വാസവും മറ്റും കണക്കിലെടുത്ത് പത്തനം‌തിട്ട സുരേന്ദ്രന് നൽകാനും തീരുമാനമാകും. 
 
അപ്പോഴും സ്ഥലമില്ലാതെ പിള്ള നടുറോഡിൽ തന്നെ. അടുത്ത ലക്ഷ്യം ചാലക്കുടിയാണ്. എന്നാൽ, കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ടോം വടക്കന്റെ കണ്ണ് ചാലക്കുടിയിലാണെന്നാണ് സൂചന. തര്‍ക്കമുണ്ടാകാതിരിക്കാന്‍ ടോം വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കാനും കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന. സീറ്റ് ഹൌസ് ഫുൾ ആയതോടെ മത്സരിക്കാൻ സ്ഥലമില്ലാതെ പെരുവഴിയിലായിരിക്കുകയാണ് പിള്ള. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍